48-കാരിയായ അസ്മിനയും സഹപ്രവർത്തകയായ സുബൈദയും ചിരിക്കുകയാണ്; അമ്മമാർ ഉപേക്ഷിച്ച ഗോതമ്പ് വൈക്കോലിന്റെ ചെറിയ കഷണങ്ങൾകൊണ്ട് കുഞ്ഞുകാലത്ത് അവർ ചെറിയ കൊട്ടകളുണ്ടാക്കിയിരുന്ന ആ ദിനങ്ങളോർത്ത്. മേവാത്ത് മേഖലയിലെ പല പെൺകുട്ടികളേയുംപോലെ അമ്മമാരുടെ നിർബന്ധപ്രകാരമാണ് അവരും നെയ്ത്ത് പഠിച്ചത്, ഒരുനാൾ അത് വരുമാനമാർഗമാകുമെന്ന് അന്ന് അവരാരും കരുതിയിരുന്നില്ല.
“അന്ന് സൗജന്യമായി ഉണ്ടാക്കിക്കൊടുക്കുമായിരുന്നു ബന്ധുക്കൾക്ക്. വിറ്റുപോകാൻ തുടങ്ങിയതോടെ അത് നിർത്തി,” അസ്മിന ചിരിക്കുന്നു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ ഘസേര ഗ്രാമത്തിലെ വീട്ടുമുറ്റത്തെ സിമന്റ് ബെഞ്ചിലിരുന്ന്, നാടൻ ഇനത്തിലുള്ള ഗോതമ്പിന്റെ നീളം കൂടിയ ഒരു വൈക്കോലെടുത്ത് നേരിയ ഒരു സൂചി ഉപയോഗിച്ച് അവരതിനെ അഞ്ചായി പിളർക്കുന്നു. അതിൽനിന്ന് ഒരു നൂൽപോലുള്ള ഇഴ തെരഞ്ഞെടുത്ത്, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചങ്കേരിയുടെ വളവിലേക്ക് അവർ അത് അതിവേഗത്തിൽ നെയ്തുചേർക്കുന്നു.
“വീട്ടിൽ അതിഥികൾ വന്നിട്ട് ചങ്ങേരിയിൽവെച്ച് റൊട്ടി കൊടുത്തില്ലെങ്കിൽ, ‘അസ്മിന പ്ലേറ്റിൽവെച്ചാണ് റൊട്ടി തന്നത്, ചങ്ങേരിയിലല്ല’ എന്ന് ആളുകൾ പറയും,” അസ്മിന പറയുന്നു.
ഹരിയാനയുടേയും രാജസ്ഥാൻ്റേയും മേവാത്ത് മേഖലയിലെ സ്ത്രീകൾ പാരമ്പര്യമായി നെയ്തിരുന്ന പലതരം ഉപയോഗങ്ങളുള്ള കൊട്ടകളാണ് ചങ്കേരി. ഒരുകാലത്ത് വിവാഹങ്ങളിലും ഈദിലും മറ്റ് ആഘോഷങ്ങളിലും സമ്മാനമായി ഇവ നൽകുന്നത് പതിവായിരുന്നു.

















